തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

266 മാര്‍പാപ്പമാരുടെ ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശനം നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ കലാജീവിതത്തിലൂടെ


വിശുദ്ധ പത്രോസ് മുതല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വരെയുള്ള 266 മാര്‍പാപ്പമാരുടെ ചിത്രങ്ങള്‍ വരച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വിസ്മയമാകുന്നു.           കോട്ടയം ചെങ്ങളം തടത്തില്‍ അനു അല്‍ഫോന്‍സ് ജേക്കബ് (17) എന്ന കൗമാരക്കാരിയാണ് നാട്ടുകാര്‍ക്ക് അത്ഭുതമായി മാറിയത്. ഇതുവരെയും ചിത്രരചന പഠിച്ചിട്ടില്ലാത്ത കുട്ടിയാണ് ഈ ചിത്രങ്ങള്‍ വരച്ചതെന്ന് അറിയുമ്പോള്‍ അതിശയം വര്‍ധിക്കും. ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ഇപ്പോഴും കാണാനെത്തുന്നവരേറെയാണ്. കത്തോലിക്കാ സഭയിലെ ഇന്നുവരെയുള്ള മാര്‍പാപ്പമാരുടെ ജീവനുറ്റ ചിത്രങ്ങള്‍ വര്‍ണ്ണത്തില്‍ ചാലിച്ചത് ചിത്രരചന പഠിക്കാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണെന്ന് ആരും വിശ്വസിക്കില്ല. ചെങ്ങളം പള്ളിയിലെ നിത്യാരാധന ചാപ്പലിനോടു ചേര്‍ന്നുള്ള കോണ്‍ഫ്രന്‍സ് ഹാളിലാണ് ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസ് മുതല്‍ ഇപ്പോഴത്തെ മാര്‍പ്പാപ്പയായ ഫ്രാന്‍സിസ് പാപ്പാ വരെയുള്ളവരുടെ ചിത്രങ്ങള്‍ ക്രമമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ചെങ്ങളം വികാരി ഫാ. മാത്യു പുതുമനയുടെ പ്രേരണയാലാണ് മാര്‍പാപ്പാമാരുടെ ചിത്രങ്ങള്‍ അനു വരച്ചു തുടങ്ങിയത്. വിദേശത്തു നിന്നും വരുത്തിയ പേപ്പറും കളറുമുപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. അഞ്ചരമാസക്കാലത്തെ കഠിന പ്രയത്‌നത്തിലാണ് ഈ കൊച്ചുകലാകാരി പഠനത്തിനിടയില്‍ ഇത്രയും ചിത്രങ്ങള്‍ വരച്ചു തീര്‍ത്തത്.                             ചെങ്ങളം സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായ അനു അവധി ദിവസങ്ങളിലും പഠനത്തിനു ശേഷം രാത്രിയിലുമായാണ് ചിത്രങ്ങള്‍ വരച്ചത്. ചിത്രം വരയ്ക്കുന്നതിന് മുമ്പ് നന്നായി പ്രാര്‍ത്ഥിക്കുമായിരുന്നു.
ചിത്രങ്ങള്‍ കാണാനെത്തുന്നവരുടെയും നാട്ടുകാരുടെയും സഹപാഠികളുടേയുമെല്ലാം അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും അനുവിനൊരു ദുഃഖമുണ്ട്. ഇതെല്ലാം കാണാന്‍ പപ്പയ്ക്കായില്ലല്ലോയെന്ന സങ്കടം. അനുവിനെ ചിത്രകലയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തി എല്ലാ പ്രോത്സാഹനങ്ങളും നല്‍കിയത് പിതാവ് സാബുവായിരുന്നു.
തിടനാട് പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം രണ്ടു വര്‍ഷം മുമ്പാണ് അനുവിന്റെ പിതാവ് സാബു മരണമടഞ്ഞത്.
അനുവിനെ ചിത്രരചനാ മത്സരങ്ങള്‍ക്ക് കൊണ്ടുപോയിരുന്നതും പ്രോത്സാഹിപ്പിച്ചതും സാബുവായിരുന്നു. അപ്രതീക്ഷിതമായി സാബുവിനെ മരണം തട്ടിയെടുത്തപ്പോള്‍ അനുവിന്റെ കണ്ണീര്‍ ചിത്രങ്ങളായി രൂപം കൊണ്ടു. പിതാവിന്റെ വേര്‍പാട് താങ്ങാവുന്നതിനപ്പുറമായിരുന്നെങ്കിലും മകള്‍ വലിയ ചിത്രകാരി ആയി തീരണമെന്ന പിതാവിന്റെ ആഗ്രഹത്തിനൊപ്പം ബ്രഷ് ചലിപ്പിക്കുവാന്‍ അനു തീരുമാനിച്ചു. മാതാവ് ജെന്‍സിയും ഇളയ സഹോദരന്‍ അമലും അനുവിന് എല്ലാ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
പിതാവിന്റെ പെന്‍ഷന്‍ തുക മാത്രമാണ് ഈ കുടുംബത്തിന്റെ വരുമാന മാര്‍ഗം. പെന്‍സില്‍ ഡ്രോയിംഗ് ഇഷ്ടപ്പെടുന്ന അനുവിന് ചിത്രകലയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടത്തണമെന്നും അതുമായി ബന്ധപ്പെട്ട ജോലി നേടണമെന്നുമാണ് ആഗ്രഹം. ഇന്റീരിയര്‍ ഡിസൈനര്‍ ആകണമെന്നാഗ്രഹമുണ്ട്. ചിത്രരചനയില്‍ നല്ലൊരു പരിശീലനം ലഭിക്കണമെന്നൊരാഗ്രഹവും ഈ യുവചിത്രകാരിക്കുണ്ട്. പരിശീലനം ലഭിച്ചാല്‍ കഴിവ് പതിന്മടങ്ങാകുമെന്നുറപ്പുണ്ട് അനുവിന്.
ചെറുപ്പത്തില്‍ വീടിന്റെ ഭിത്തി കാന്‍വാസാക്കി മാറ്റിയ കുട്ടിക്കുറുമ്പുകാരി അനുവിനോട് അമ്മ വീട് വൃത്തികേടാക്കരുതെന്നു പറയും. എന്നാല്‍ അതു സാരമില്ല അവള്‍ വരച്ചു പഠിക്കട്ടെയെന്നു പറഞ്ഞിരുന്ന സ്‌നേഹനിധിയായ പിതാവിന്റെ പ്രോത്സാഹനം നിമിത്തമാണ് ഇത്രയെങ്കിലുമെത്താന്‍ തനിക്കായതെന്ന് അനു പറയുമ്പോള്‍ ഒലിച്ചിറങ്ങിയ കണ്ണീര്‍ തുള്ളികളില്‍ പിതാവിന്റെ സ്‌നേഹം കാണാനാകും. സ്വര്‍ഗത്തിലിരിക്കുന്ന പിതാവിന്റെ പ്രാര്‍ത്ഥനയാണ് നേട്ടത്തിന് കാരണമെന്ന് അനു പറയുന്നു. പഠിത്തത്തിനൊപ്പം ചിത്രരചനയും ഒന്നിച്ചുകൊണ്ടുപോകണമെന്ന അനുവിന്റെ ആഗ്രഹത്തിനൊപ്പമാണ് വീട്ടുകാരും ബന്ധുക്കളുമെല്ലാം.
വിശുദ്ധ മദര്‍ തെരേസയെയാണ് വരയ്ക്കാന്‍ അനുവിന് ഏറെ ഇഷ്ടം. വല്ല്യമ്മയ്ക്ക് സമ്മാനമായി ആദ്യം വരച്ചത് മദര്‍ തെരേസയുടെ ചിത്രമാണ്. അതില്‍പ്പിന്നെയാണ് മദറിനോട് ഇഷ്ടം കൂടിയത്. ചെറിയ ക്ലാസ് മുതല്‍ അനുവിന് ചിത്രരചനയ്ക്ക് സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ചെറുപുഷ്പ മിഷന്‍ ലീഗിലും യുവദീപ്തിയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ജൂലൈ മൂന്നിനു മിഷന്‍ലീഗ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടന വേളയില്‍ സി.എം.എല്‍. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പൂച്ചക്കാട്ടിനു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം വരച്ചു നല്‍കിയാണ് മാര്‍പാപ്പമാരുടെ ചിത്രം വര തുടങ്ങിയത്. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സപ്തതി വര്‍ഷത്തിന്റെ ഭാഗമായിട്ടാണ് പ്രദര്‍ശനം നടത്തിയത്.
വികാരി ഫാ. മാത്യു പുതുമന, അസിസ്റ്റന്റ് വികാരി ഫാ. ജോമി കുമ്പുക്കാട്ട്, സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ പൊരുന്നോലില്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, മിഷന്‍ലീഗ് ഭാരവാഹികള്‍ എന്നിവരുടെയെല്ലാം അകമഴിഞ്ഞ പ്രോത്സാഹനങ്ങള്‍ മൂലമാണ് മാര്‍പ്പാപ്പാമാരുടെ ചിത്രങ്ങള്‍ വരയ്ക്കാനായതെന്ന് അനു പറയുന്നു. ചിത്രങ്ങള്‍ കണ്ട് ആരാധകരേറുമ്പോഴും അഭിനന്ദനങ്ങളുടെ നടുക്കടലില്‍ നില്‍ക്കുമ്പോഴും ഈ ചിത്രകാരിയുടെ മുഖത്ത് പ്രസരിക്കുന്നത് വിനയം. എല്ലാം ദൈവത്തിന്റെ ദാനം മാത്രമാണെന്ന ചിന്ത.
സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലിനു പുറമേ ബൈബിള്‍ കലോത്സവത്തിനും വര്‍ണ്ണപ്പകിട്ട്, വരകൂട്ട് വൈ.എം.സി.എ. കളറിംഗ് മത്സരങ്ങള്‍ക്കുമെല്ലാം സമ്മാനങ്ങള്‍ ഈ മിടുക്കിയെ തേടിയെത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ വരയ്ക്കലും വായനയും സൈക്ലിങ്ങുമാണ് പ്രധാന ഹോബികള്‍. ദൈവം നല്‍കിയ കഴിവുപയോഗിച്ച് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ട് ഈ ചിത്രകാരിയ്ക്ക്.
ഒമ്പതാം ക്ലാസു വരെ എല്ലാ ചിത്രരചനാ മത്സരങ്ങള്‍ക്കും അവധിയെടുത്ത് തന്നോടൊപ്പം വന്നിരുന്ന പപ്പയെക്കുറിച്ച് പറയുമ്പോഴെല്ലാം അറിയാതെ അനുവിന്റെ കണ്ണില്‍നിന്നും രണ്ടു തുള്ളി കണ്ണീര്‍ പൊടിയും. എന്തൊക്കെ ദുഃഖങ്ങളുണ്ടെങ്കിലും മുഖത്തു നിന്ന് ഒരിക്കലും പുഞ്ചിരി മായരുതെന്ന പപ്പയുടെ വാക്കുകള്‍ ആണ് തന്റെ പുഞ്ചിരിയ്ക്കു പിന്നിലെ രഹസ്യമെന്ന് അനു പറയുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും അനു ചിത്രങ്ങള്‍ കോറിയിടുകയാണ്. പിതാവിന്റെ വിയോഗത്തോടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ അമലിനും മാതാവ് ജെന്‍സിയ്ക്കുമൊപ്പം ചിത്രരചനയിലൂടെ ജീവിത ദുഃഖങ്ങള്‍ മറക്കുകയാണീ ചിത്രകാരി.
അനുവിന്റെ ബ്രഷില്‍ നിന്നു പിറന്നു വീണ ജീവന്‍ തുടിക്കുന്ന മാര്‍പാപ്പമാരുടെ ചിത്രങ്ങള്‍ മറ്റു സ്ഥലങ്ങളിലും പ്രദര്‍ശനം നടത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ആലോചനയിലാണെന്ന് ചെങ്ങളം പള്ളി വികാരി ഫാ. മാത്യു പുതുമന പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.