Hot News

ഉഴവൂർ തച്ചിലംപ്ലാക്കൽ സർപ്പക്കാവിലെ നാഗങ്ങൾ മേടപ്പത്തിൽ നൂറും പാലും നുകർന്നു 

 സുനിൽ പാലാ


പാലാ: കൂറ്റൻ മരവള്ളികള്‍ മേലാപ്പുചാര്‍ത്തിയ സര്‍പ്പത്തറയില്‍ വാഴുന്ന നാഗരാജാവും നാഗകന്യകയും,  നാഗയക്ഷികളും മേടപ്പത്തിന്റെ പകലില്‍ നൂറും പാലും നുകര്‍ന്നു.

ഉഴവൂര്‍ ടൗണിനോട് ചേര്‍ന്നുള്ള കൊച്ചു കുന്നിന്‍ മുകളിലെ തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവില്‍ ഇന്നലെ നടന്ന സര്‍പ്പ പൂജയില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തരാണെത്തിയത്. നാട്ടില്‍ അവശേഷിക്കുന്ന അത്യപൂര്‍വ്വം സര്‍പ്പക്കാവുകളില്‍ ഐതിഹ്യം കൊണ്ട് പ്രസിദ്ധമാണ് ഉഴവൂരിലെ തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവ്.

    നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഘോരവനമായിരുന്ന കാലഘട്ടത്തില്‍ ഇവിടെ പാരമ്പര്യ വഴിയില്‍ സര്‍പ്പപൂജ നടന്നു വന്നിരുന്നു എന്നതാണ് പഴമൊഴി.

    സര്‍പ്പക്കാവിനോട് ചേര്‍ന്ന് ഏറ്റുമാനൂര്‍ തേവരുടെ സങ്കല്‍പ്പത്തിലുള്ള കൊട്ടാരവുമുണ്ട്. ഇടിഞ്ഞു പൊളിഞ്ഞു കിടക്കകുയാണെങ്കിലും ഇതിന്റെ പ്രൊഢികള്‍ ഇപ്പോഴുമുണ്ട്. വള്ളിക്കെട്ടുകളും കൂറ്റന്‍ മരങ്ങളും ഇടതിങ്ങിയ സര്‍പ്പക്കാവില്‍ ആണ്ടിലൊരിക്കലേ പൂജയുള്ളു.

പൂജയ്ക്ക് തൊട്ടു തലേന്ന് കുടുംബ കാരണവുടെ നേതൃത്വത്തില്‍ സര്‍പ്പക്കാവിലേയ്ക്കുള്ള 'വഴിതെളിക്കല്‍' ചടങ്ങ് നടക്കും. കുടുംബ കാരണവര്‍ സി.കെ. കരുണാകരന്‍ നായര്‍ (കുഞ്ഞന്‍ നായര്‍), മകന്‍ വിജയകുമാര്‍ എന്നിവര്‍ വഴി തെളിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തച്ചിലംപ്ലാക്കല്‍ സി. കെ. കരുണാകരന്‍ നായരാണ് സര്‍പ്പപൂജയ്ക്ക് കുടുംബത്തില്‍ നിന്നും മേല്‍നോട്ടം വഹിക്കുന്നത്. ഇത്തവണ മകന്‍ വിജയകുമാറും കാരണവര്‍ സ്ഥാനം ഏറ്റെടുത്തു. കുടുംബത്തിന്റെ വിവിധ ശാഖകളില്‍ നിന്നും സര്‍പ്പക്കാവിന്റെ പരിസരങ്ങളില്‍ നിന്നുമായി നിരവധി ഭക്തര്‍ ഇന്നലെ സര്‍പ്പപൂജയില്‍ പങ്കെടുക്കാന്‍ തച്ചിലംപ്ലാക്കല്‍ കുന്ന് കയറി എത്തി.

    എല്ലാ വര്‍ഷവും മേടപ്പത്തിനാണ് ഇവിടെ സര്‍പ്പങ്ങള്‍ക്ക് നൂറും പാലും കൊടുക്കുന്നത്. ഇന്നലെ രാവിലെ 9ന് കിടങ്ങൂര്‍ സജി നമ്പൂതിരിയുടെ നേതൃത്വത്തില്‍ സര്‍പ്പ പൂജ ആരംഭിച്ചു. അഭിഷേകവും നേദ്യവും കഴിഞ്ഞ ശേഷമാണ് നൂറും പാലും സമര്‍പ്പണം നടന്നത്. നാഗരാജാവ്, നാഗകന്യക, നാഗയക്ഷി, എന്നിവര്‍ക്കെല്ലാം പ്രത്യേകം പന്തങ്ങളിൽ ദീപം പകര്‍ന്ന ശേഷം നൂറും പാലും സമര്‍പ്പിച്ചു. ഇതായിരുന്നു ദര്‍ശന പ്രധാന സമയം. ഇതോടൊപ്പം കടുംപായസവും പാല്‍പ്പായസവും പടച്ചോറും നേദിച്ചു.

കുറേ വര്‍ഷങ്ങളായി സര്‍പ്പക്കാവില്‍ വീണു കിടക്കുന്ന പ്ലാവിന്‍പൊത്തില്‍ ഒരു സര്‍പ്പത്തിന്റെ നേര്‍ക്കാഴ്ചയുണ്ട്. ഇവിടെയും വിശേഷാല്‍ പൂജകള്‍ നടത്തി. പൂജയ്ക്കു ശേഷം ഭക്തര്‍ക്ക് കടുംപായസവും പാല്‍പ്പായസവും പടച്ചോറും മഞ്ഞള്‍പ്രസാദവും വിതരണം ചെയ്തു.

    തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവില്‍ ആണ്ടിലൊരിക്കല്‍ മാത്രം നടക്കുന്ന സര്‍പ്പപൂജയില്‍ പങ്കെടുത്ത് നാഗദൈവങ്ങളുടെ പ്രീതി നേടാന്‍ നിരവധി ഭക്തരാണെത്തിയത്. ഉച്ചയോടെ പൂജകഴിഞ്ഞ് എല്ലാവരും കാവ് വിട്ടു; വീണ്ടും അടുത്ത ഒരാണ്ടുവരെ നാഗദൈവങ്ങള്‍ക്ക് ഇവിടെ വിശ്രമകാലം.

ജോസഫ് ഗ്രൂപ്പിനെതിരെ കായിക ആക്രമണം. സംഘടനാ തെരെഞ്ഞെടുപ്പിൽ അസംതൃപ്തി പുകയുന്നു.

 മാണി ഗ്രൂപ്പ് കഴിഞ്ഞ ദിവസം നടത്തിയ സംഘടനാ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ അംഗീകരിക്കാത്തവരെ വെട്ടി നിരത്താനുള്ള നീക്കം തടയപ്പെട്ടതിലുള്ള ഗ്ളാനി ജോസഫ് വിഭാഗത്തിലെ സൈബർ പ്രമുഖനെ മർദ്ദിച്ചു കൊണ്ട് മാണിവിഭാഗം  തീർത്തു.

സംഘടനാ തെരെഞ്ഞെടുപ്പ് നടന്നു് നേതാക്കൾ പിരിഞ്ഞതിന് ശേഷമാണ് കെ.എസ്.സി സംസ്ഥാന വൈസ് പ്രസിഡന്റും, ജോസഫ് ഗ്രൂപ്പ് സൈബർ വിഭാഗം നേതാവുമായ വർഗീസ് തയ്യിലിനെ മർദ്ദിച്ചത്.ഇടവെട്ടി സ്വദേശിയും, പത്താം ക്ളാസ് പാസാകാത്ത ഏക കെ.എസ്.സി സംസ്ഥാന പ്രസിഡന്റുമായിരുന്ന പാലാ ചേർപ്പുങ്കൽ സ്വദേശിയും ചേർന്നാണ് വർഗീസിനെ മർദ്ദിച്ചത്.ഇക്കഴിഞ്ഞ ദിവസം ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിന്റെ അടിമാലി ഉപവാസ പന്തലിൽ കേരളാ കോൺഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ്ബ് ചെല്ലുകയും കർഷക സമരത്തിന് പിന്തുണ അറിയിച്ച് പ്രസംഗിക്കുകയും ചെയ്തതിനെ മാണി ഗ്രൂപ്പ് സൈബർ വിഭാഗം കടുത്ത ആക്രമണം നടത്തിയിരുന്നു. ഇടവെട്ടി സ്വദേശി ഈ നടപടിയെ തെറി വിളികളോടെയാണ് നേരിട്ടത്.ഇതിനെ പ്രതിരോധിച്ച് വാദമുഖങ്ങൾ നിരത്തിയത് ജോസഫ് ഗ്രൂപ്പ് കെ.എസ്.സി പ്രവർത്തകരാണ്. അതിൽ തന്നെ മുന്നിട്ട് നിന്നതിൽ ഒരാളാണ് കെ.എസ്.സി സംസ്ഥാന വൈസ് പ്രസിഡന്റായ വർഗീസ് തയ്യിൽ. അന്ന് തന്നെ വർഗീസിനെ അക്രമിക്കുമെന്ന ഭീഷണി ഇടവെട്ടി സ്വദേശി മുഴക്കിയിരുന്നു.

അങ്ങിനെയാണു് കോട്ടയം മാമൻ മാപ്പിള ഹാളിൽ വച്ച് നടന്ന സംഘടനാ തെരെഞ്ഞെടുപ്പിൽ വച്ച് ഇടവെട്ടി സ്വദേശി മർദിച്ചത്. ജോസ് കെ മാണിയോട് ചെവിയിൽ സ്വകാര്യം പറഞ്ഞിട്ട് ഉടനെ തന്നെ വർഗീസിനെ മർദിക്കുകയായിരുന്നു. ഇതെല്ലാം കണ്ടു കൊണ്ട് അഞ്ച് മീറ്റർ മാത്രം അകലത്തിൽ ജോസ് കെ മാണി നിൽക്കുന്നുണ്ടായിരുന്നു. ഉടനെ തന്നെ കെ.എസ്.സി പ്രസിഡന്റ് രാഖേഷ് ഇടപ്പുര തടസം പിടിക്കുകയും, ജോബ് മൈക്കിൾ, ആയൂർ ബിജു തുടങ്ങിയവർ ഇവരെ തടയുകയും ചെയ്തു.

കഴിഞ്ഞ വർഷം തൊടുപുഴയിൽ വച്ച് പി.ജെ ജോസഫിനെതിരായി ഇടവെട്ടി സ്വദേശി  മാണിഗ്രൂപ്പ് യോഗം വിളിച്ച കാര്യം വേണാട് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.പക്ഷെ ജോസഫ് വിഭാഗം സംയമനം പാലിക്കുകയാണുണ്ടായത്. അന്ന് സംയമനം പാലിച്ചതിന്റെ മറുപടിയാണ് ജോസഫ് വിഭാഗത്തിന് കോട്ടയം മാമൻ മാപ്പിള ഹാളിൽ വച്ച് ഏറ്റ മർദ്ദനം.

മർദ്ദിച്ചതിന് നേതൃത്വം കൊടുത്ത ഇടവെട്ടി സ്വദേശിയുടെ ഭാര്യ പി.ജെ ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അഞ്ച് വർഷക്കാലം തുടരുകയും കാൽ കോടി രൂപാ യ്ക്ക് മുകളിൽ ശമ്പളം പറ്റുകയും, ഇപ്പോൾ  പെൻഷൻ വാങ്ങുകയും ചെയ്യന്നുണ്ട്. ജോസ് കെ മാണി ഈ സംഭവം കണ്ട് രസിച്ചതും ജോസഫ് വിഭാഗം ഗൗരവമായാണ് കാണുന്നത്.അടുത്തതായി നിഷാ ജോസ് കെ മാണി നയിക്കുന്ന മുല്ലപ്പൂ ഗ്രൂപ്പുകാർ നോട്ടമിട്ടിരിക്കുന്നത് തൊടുപുഴയിലും, പാലായിലുമുള്ള  രണ്ട് കെ.എസ്.സി പ്രവർത്തകരെയാണ്.

ഇതിനിടെ മാണി ഗ്രൂപ്പിലെ സംഘടനാ തെരെഞ്ഞെടുപ്പിൽ വ്യാപകമായ അസംതൃപ്തി പുകയുകയാണ്. സംഘടനയിലെ മെംബർഷിപ്പ് പോലുമില്ലാത്ത പ്രമോദ് നാരായണനെ പാർട്ടി സംസ്ഥാന സെക്രട്ടറി ആക്കിയതിനെ പല നേതാക്കളും അതൃപ്തി അറിയിച്ചു കഴിഞ്ഞു.പ്രമോദിന്റെ മൂന്നാമത്തെ പാർട്ടിയാണ് മാണി ഗ്രൂപ്പ്.ആദ്യ കാലത്ത് എസ്.എഫ്.ഐ ലൂടെ സി.പി.എം ൽ എത്തുകയും ഇരുപത്തിയഞ്ചാം വയസിൽ ചാരുംമൂട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആക്കുകയും ചെയ്തു. പക്ഷെ ഏരിയാ സെക്രട്ടറിയും, ജില്ലാ സെക്രട്ടറിക്കും വിധേയത്വമില്ലാതെ പ്രവർത്തിച്ചതിനാൽ നടപടി നേരിടുകയും പുറത്താക്കുകയുമായിരുന്നു. പിന്നീട് കോൺഗ്രസിൽ ലാവണ മൊപ്പിച്ച പ്രമോദ് കെ.പി.സി.സി മെംബറായെങ്കിലും കടുത്ത ഗ്രൂപ്പിസത്താൽ തഴയപെട്ടു.തുടർന്നാണ് പ്രമോദ് നാരായണൻ മാണി ഗ്രൂപ്പിന്റെ കവല പ്രാസംഗികനായി വേഷം മാറിയത്. ജോസ് കെ മാണിയുടെ സന്തത സഹചാരിയായ ജന്നിംഗ്സ് ജേക്കബ്ബിന്റെ കൂടെ ഡൽഹിയിൽ പലപ്പോഴും കാണാറുണ്ടായിരുന്നു. പെട്ടെന്നാണ് ഇയാൾ പലർക്കും മുകളിലൂടെ ജനറൽ സെക്രട്ടറിയാക്കി ഉയർത്തപെട്ടത്.പാർട്ടി മീഡിയാ സെൽ നേതാവ് വിജി എം തോമസിനെ പോലെയുള്ളവരുടെ തലയ്ക്ക് മുകളിൽ കൂടിയാണ് ഇയാൾ ജനറൽ സെക്രട്ടറിയായി അവരോധിതനായത്.

അതുപോലെ തന്നെ ചങ്ങനാശേരിയിൽ നിന്നുള്ള കെ.എഫ് കുര്യനും പാർട്ടി അനവധി മാറിയ ആളാണ്.പി.സി തോമസ് നെറ ഐ.എഫ്. ഡി.പി യിൽ ഉണ്ടായിരുന്നവരായ ഇദ്ദേഹത്തിനും, ജോർജ്കുട്ടി ആഗസ്തിക്കും അംഗീകാരം ലഭിച്ചു .ജോർജ് കുട്ടി ആഗസ്തിയെയാണ് പൂഞ്ഞാറിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചത്.ജോർജ് കുട്ടി ആഗസ്തിയെയും.,തളിപ്പറമ്പിലെ രാജേഷ് നമ്പ്യാരെയും സ്ഥാനാര്ഥിയാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചത് നിഷാ ജോസ് കെ മാണിയായിരുന്നു .മാണി ഗ്രൂപ്പിൽ സ്ഥാനം കിട്ടാനുള്ള മിനിമം  മാനദണ്ഡം പാർട്ടി മാറുക എന്നതായിരിക്കുന്നൂവെന്നാണ് ഇതെക്കുറിച്ച് നേതാക്കൾ അടക്കം പറയുന്നത്.

പി, സി തോമസിനോടൊപ്പവും, പിന്നെ സ്ക്കറിയാ തോമസിനോടൊപ്പവും പോയിട്ട് തിരിച്ചു വന്ന സ്റ്റീഫൻ ജോർജും തരപ്പെടുത്തി ജനറൽ സെക്രട്ടറി സ്ഥാനം.

എന്നാൽ ഇതിനിടയിൽ ഹൈപ്പവർ കമ്മിറ്റിയിൽ ഇല്ലാതിരുന്നതിൽ ശക്തിയായി പ്രതിഷേധിച്ച ചങ്ങനാശേരിയിലെ ജോബ് മൈക്കിളിനെ ഹൈപ്പവർ ആക്കുകയും ,ഹൈപ്പവറിൽ ഉണ്ടായിരുന്ന ബേബി ഉഴുത്തു വാലിനെ ഒറ്റ രാത്രി കൊണ്ട് ജനറൽ സെക്രട്ടറി ആക്കുകയും ചെയ്തു.
ജോസഫ് എം പുതുശേരിക്കും സംഘടനാ തെരെഞ്ഞെടുപ്പിൽ പരാതിയുണ്ട്.അദ്ദേഹം പലരോടും ഇതേ കുറിച്ച് പരാതി പറയുകയും ചെയ്തു.ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ആയ ജേക്കബ്ബ് തോമസ് അരികുപുറം ജനറൽ സെക്രട്ടറി ആയെങ്കിലും ജില്ലാ പ്രസിഡണ്ട് സ്ഥാനം ഉടനെ തന്നെ തെറിക്കുമെന്നാണ് അറിയുന്നത്.ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി മനസാക്ഷി വോട്ടിനു തീരുമാനിച്ചാൽ എന്റെ വോട്ട് സജി ചെറിയാനായിരിക്കുമെന്നു പ്രസ്താവിച്ചതിനുള്ള പ്രത്യുപകാരമായാണ് ജോസ് കെ മാണി ജനറൽ സെക്രെട്ടറി സ്ഥാനം നൽകിയത്.ഇദ്ദേഹം പി സി ജോർജ് ന്റെ സെക്കുലർ പാർട്ടിയുടെ സംസ്ഥാന ചാർജ് സെക്രെട്ടറി ആയിരുന്നു.ലയനത്തിന് ശേഷം പിളർന്നപ്പോൾ മാണി വിഭാഗത്തിൽ തന്നെ നിലനിൽക്കുകയായിരുന്നു.

തോമസ് ഉണ്ണിയാടനെ വെട്ടിനിരത്താൻ ജോസ് കെ മാണി ആഗ്രഹിച്ചെങ്കിലും പി.ജെ ജോസഫ് അതിനു് സമമതിച്ചില്ല. അതുപോലെ തന്നെ മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ ആഗസ്തിയും  ഹൈപ്പവർ കമ്മിറ്റിയിൽ കയറി പറ്റുകയും ചെയ്തു. ഏതായാലും ജോസ് കെ മാണിക്ക് ശുഭസൂചനയല്ല പുതിയ സംഘടനാ തെരെഞ്ഞെടുപ്പ് നൽകിയിരിക്കുന്നത്.... 

വേദനകൾക്കിടയിലും അശ്വതി കുറിച്ചു;പൊന്നുവിനായി ഒരു ഡയറി നിറയെ

 സുനിൽ പാലാ


പാലാ: കൊതി തീരും വരെ തന്നെ കെട്ടിപ്പിടിക്കാൻ പോലും പറ്റും മുമ്പെ വിട പറഞ്ഞ പ്രിയപ്പെട്ട അമ്മ തനിക്ക് മാത്രമായി "വേദന തിന്ന് " കുറിച്ചിട്ട ഡയറിക്കുറിപ്പുകൾ ഏറ്റുവാങ്ങിയപ്പോൾ   അതുവരെ കിലുക്കാംപെട്ടിയായി ചിരിച്ച് കളിച്ച് നടന്ന കൊച്ചു കീർത്തനയുടെ മുഖമിരുണ്ടു.കഥാകാരി ഡി.ശ്രീദേവിയിൽ നിന്നും കീർത്തന മോൾ പുസ്തകം ഏറ്റുവാങ്ങി ഉയർത്തിക്കാട്ടിയപ്പോൾ വേദിയിലും സദസ്സിലും നെടുവീർപ്പുകളുയർന്നു.


അകാലത്തിൽ അന്തരിച്ച സാഹിത്യകാരി അശ്വതി വാസുദേവൻ ഏകമകൾ 7 വയസ്സുകാരി "പൊന്നു" എന്ന കീർത്തനയ്ക്കായി എഴുതിയ ഡയറിക്കുറിപ്പുകൾ പുസ്തകമാക്കിയത് കുടുംബാംഗങ്ങൾ ചേർന്നാണ്.പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അശ്വതി അനുസ്മരണ സമ്മേളനത്തിലാണ് പുസ്തക പ്രകാശനം നടന്നത്.

തന്റേയും അച്ഛൻ ശ്രീജിത്തിന്റേയും വിവാഹ വിശേഷങ്ങളിൽ തുടങ്ങി പൊന്നു ജനിച്ചതും, പേരിട്ടതും, 28 കെട്ടിയതുമെല്ലാം വിവരിക്കുന്ന ഡയറിക്കുറിപ്പുകളിൽ  മകൾ വളരുമ്പോൾ ചെയ്യേണ്ടതും, വിവാഹ കാര്യങ്ങളും, അവൾക്ക് കുഞ്ഞ് ജനിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ പോലും വിശദീകരിക്കുന്നുണ്ട്. കാൻസർ പിടിപെട്ട് വേദന തിന്ന നാളുകളിലാണ് അശ്വതി  ഏക  മകൾക്കായി ഈ ഡയറിക്കുറിപ്പുകൾ എഴുതിയത്. ഒരു പെൺകുട്ടിയോട് അമ്മ പറയാൻ മറക്കുന്നതും, മടിക്കുന്നതുമായ കാര്യങ്ങൾ ആർജ്ജവത്തോടെ അശ്വതി ഡയറിക്കുറിപ്പുകളിൽ തുറന്നു പറഞ്ഞിരിക്കുകയാണ്.


നിരവധി കഥകളും കവിതകളുമെഴുതി മലയാള സാഹിത്യ ലോകത്ത് ഉദിച്ചുയർന്ന അശ്വതി വാസുദേവൻ  2015-ൽ 29 വയസ്സിൽ മരണത്തിന് കീഴടങ്ങി. പാലാ വിളക്കുമാടം പാറക്കടവിൽ കുടുംബാംഗമായിരുന്നു. ശ്രീജിത്താണ് ഭർത്താവ്.


അശ്വതി അനുസ്മരണാ സമ്മേളനത്തിൽ പാലാ സഹൃദയ സമിതി പ്രസിഡന്റ് രവി പാലാ അധ്യക്ഷത വഹിച്ചു.ചാക്കോ സി പൊരിയത്ത് അശ്വതി അനുസ്മരണാ പ്രഭാഷണം നടത്തി.സഹൃദയ സമിതി സെക്രട്ടറി രവി പുലിയന്നൂർ ആമുഖ പ്രസംഗം നടത്തി.അഡ്വ.ജോർജ്.സി.കാപ്പൻ., ഡോ.രാജു.ഡി.കൃഷ്ണപുരം, സുബ്രഹ്മമണ്യൻ നമ്പൂതിരി ,എ, എസ്.കുഴികുളം, മധൂസൂദനൻ , എൻ.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.

'യുവജനങ്ങൾ കാലത്തിന്റെ വക്താക്കളാകണം'-മോൺ ജോസഫ് കുഴിഞ്ഞാലിൽ

 പാലാ രൂപതയിലെ യുവജനപ്രസ്ഥാനത്തിന്റെ നെടുംതൂണുകളായ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് സൗഹ്യദം 2018ന് തിരിതെളിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം പാലാ അൽഫോൻസാ കോളേജിൽവെച്ചു പാലാ രൂപത വൈസ് പ്രസിഡന്റ് ശീതൾ ടോം വെട്ടത്ത് പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. തുടർന്ന് രൂപത പ്രസിഡന്റ് ശ്രീ ആൽവിൻ ഞായർകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് കുഴിഞ്ഞാലിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത സംസാരിച്ചു. 

ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനുംമുള്ള പരിശീലനം ആർജിച്ചെടുക്കാനും നന്മയുടെ പാതയിലൂടെ മുന്നേറാനും ഈ ക്യാമ്പിലൂടെ സാധിക്കട്ടെയെന്ന് വികാരി ജനറാൾ യുവജനങ്ങളെ ആഹ്വാനം ചെയ്തു . രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ.തോമസ് തയ്യിൽ ആമുഖപ്രഭാഷണം നടത്തിയ സമ്മേളനത്തിൽ അൽഫോൻസാ കോളേജ് ബർസാർ ഫാ ജോസഫ് പുലവേലിൽ ആശംസകളർപ്പിച്ചു സംസാരിച്ചു. 

സൗഹ്യദം 2018ന് ജനറൽ സെക്രട്ടറി ബിബിൻ ബെന്നി സ്വാഗതവും നാഷണൽ കൗൺസിലർ ടെൽമ ജോബി കൃതജ്ഞതയും അർപ്പിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് ഞായറാഴ്ച രാവിലെ സമാപിക്കും
smym പാലാ രൂപത ഡയറക്ടർ ഫാ കുര്യാക്കോസ് കാപ്പിലിപ്പറമ്പിൽ, ജോയിന്റ് ഡയറക്ടർ സി ഷൈനി DST, മറ്റു രൂപത ഭാരവാഹികളായ രാജീവ് രാജു, പ്രിന്‍സ് ചാര്‍ലി, റിയ തെരേസ്, ജിതിന്‍ കുന്നപ്പിള്ളില്‍, സെബാസ്റ്റ്യന്‍ തോമസ്, റീതു ജോര്‍ജ്, ടെല്‍മ ജോബി, റിബിന്‍ ജോസ്, അലന്‍ ക്രിസ്റ്റിന്‍, നിധി സാബു, ബ്രദർ ജോമിൻ, ക്യാമ്പ് കോഓർഡിനേറ്റർമാരായ ശ്രീ സുരേഷ്, ശ്രീ ജോമി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

യൂത്ത്ഫ്രണ്ട് (എം) നേതാവ് ജിൻസ് തച്ചാംപറമ്പിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.

  
പാലാ: ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കടനാട് തച്ചാം പുറത്ത് ജോസിന്റെ മകൻ ജിൻസ് ടി ജോസ് (35) മരണപെട്ടു.

കേരളാ യൂത്ത്ഫ്രണ്ട് (എം)ന്റെ കടനാട് മണ്ഡലം സെക്രട്ടറിയായിരുന്നു ജിൻസ്.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ലിബിൻ എബ്രാഹം (24)നെ ഗുരുതരമായ പരിക്കുകളോടെ തെള്ളകത്തെ മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലാ സന്ധ്യ കാറ്ററിംഗുമായി ബന്ധപ്പെട്ട് കല്യാണമണ്ഡപങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പോയി വരുമ്പോൾ എലഗെൻസ് ഹോട്ടലിന്റെ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കനത്ത മഴയത്ത് എതിരെ തടിയുമായി വന്ന മിനിലോറിയിലിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ജിൻസ് തൽക്ഷണം മരണപെട്ടു.മ്യതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

മാതാവ് തങ്കമ്മ കുറിച്ചിത്താനം ചെരുവിൽ കുടുംബാംഗം. സഹോദരങ്ങൾ ജിയോ (യു.കെ) ജയിംസ് ,ജോമോൾ ,ലീനാ മോൾ

എസ് എം വൈ എം കടനാട്‌ മുൻ മേഖലാ പ്രസിഡന്റായിരുന്നു പരേതനായ ജിൻസ്.,എസ് എം വൈ എം പാലാ രൂപതാ  കമ്മിറ്റി ജീൻസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

മനസ് നിറച്ച മാതൃസ്നേഹം..ഹിന്ദു സംഗമത്തിന്റെ പുണ്യംസുനിൽ പാലാ

 പൊന്നുമക്കൾ ആദ്യം തങ്ങളുടെ നെറ്റിയിൽ ചന്ദനക്കുറി തൊട്ട് കഴുത്തിൽ പൂമാല ചാർത്തിയപ്പോൾ അമ്മമാർ സന്തോഷം കൊണ്ടൊന്ന് വിതുമ്പി.
തളികയിൽ വെച്ച പാദങ്ങളിൽ മന്ത്രജപത്തോടെ മക്കൾ പുഷ്പങ്ങൾ അർച്ചിച്ചപ്പോഴും അമ്മ മനസ്സുകളിലും ചുണ്ടുകളിലും നാമജപങ്ങൾ. സ്വന്തം അമ്മമാരെ ദേവിയായി കണ്ട് മുക്കാൽ മണിക്കൂറോളം മന്ത്രാർച്ചന നടത്തിയ മക്കൾ ഒടുവിൽ തല കുമ്പിട്ട് പാദ നമസ്ക്കാരം നടത്തി യപ്പോൾ  അർച്ചന ഏറ്റുവാങ്ങിയ അമ്മമാരുടെ ഹൃദയം സ്നേഹവാൽസല്യങ്ങളാൽ തേങ്ങി. കൂപ്പിയ കരങ്ങളും ചുണ്ടുകളും,  വിറയാർന്നു.... ഭക്തി ഭാവത്തിൽ കണ്ണുകൾ ഇറുകെ അടച്ചെങ്കിലും അമ്മമാരുടെ ആനന്ദക്കണ്ണീർ മക്കളുടെ കുമ്പിട്ട ശിരസ്സുകളിൽ തീർത്ഥ പ്രവാഹമായി.  മാതൃപൂജയിലെ ഉദാത്തമായ ഈ കാഴ്ച കണ്ട് കൺനിറയാത്തവരില്ല. പാദം നമസ്ക്കരിച്ച് തല ഉയർത്തിയ മക്കളുടെ കണ്ണുകൾ ഈറനണിഞ്ഞതു കണ്ടപ്പോൾ പല അമ്മമാരും സ്ഥലകാലബോധം മറന്ന് മക്കളെ കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മ വെച്ചു..അമ്മമാർക്കും മക്കളുടെ പൊന്നുമ്മ.

പാലാ വെള്ളാപ്പാട് വനദുർഗ്ഗാ ഭഗവതി ക്ഷേത്ര സന്നിധിയിൽ മീനച്ചിൽ നദീതട ഹിന്ദുമഹാ സംഗമ സമാപന ദിവസം നടന്ന "മാതൃപൂജ " ഭക്തിനിർഭരമായി.
ഇരുനൂറിൽപ്പരം അമ്മമാരെയാണ് മക്കൾ പൂജിച്ചത്.
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നടന്ന മാതൃപൂജ ഹിന്ദുമഹാ സംഗമത്തിലെ ഏറ്റവും പുണ്യ പവിത്രമായ പരിപാടികളിലൊന്നായി മാറി. അമ്മമാരെ നട തള്ളുകയും, വൃദ്ധസദനങ്ങളിലേക്ക്  വിടുകയും ചെയ്യുന്ന മക്കളുള്ള സമൂഹത്തിൽ   അമ്മമാരുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്ന് കൊടുക്കാനാണ് ഹിന്ദു മഹാസംഗമത്തിലെ ഏറ്റവും പ്രധാന പരിപാടിയായി മാതൃപൂജ നടത്തിയതെന്ന് സംഗമ ഭാരവാഹികളായ ഡോ.എൻ.കെ. മഹാദേവൻ ,കെ എൻ വാസുദേവൻ, ബിജു കൊല്ലപ്പിള്ളി, വി.മുരളീധരൻ എന്നിവർ പറഞ്ഞു.

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.